അന്തരീക്ഷ മലിനീകരണത്തിനെതിരെ കാര്‍ബണ്‍ ന്യൂട്രല്‍ രീതി നടപ്പിലാക്കിയ കേരളത്തിലെ ആദ്യ സര്‍ക്കാര്‍ സമ്മേളനമായി ഐസിജിഇ 2 (ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ജെന്‍ഡര്‍ ഇക്വാലിറ്റി). ഐക്യരാഷ്ട്രസഭ സംഘടനയായ യുഎന്‍ വിമനിന്റെ സഹകരണത്തോടെ സാമൂഹ്യനീതി-വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കാണ് ഈ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചത്.

ഭൗമോപരിതലത്തിലേക്ക് കാര്‍ബണ്‍ ഡയോക്സൈഡ് തള്ളുന്നത് കുറയ്ക്കുന്നതിനുള്ള ഒരു പരോക്ഷ രീതിയാണ് കാര്‍ബണ്‍ ന്യൂട്രല്‍. ലോകത്തെമ്പാടും അംഗീകരിച്ചിട്ടുള്ള ഈ രീതി കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ഐസിജിഇയാണ്. ഈ സമ്മേളനം മൂലം അന്തരീക്ഷത്തിലേക്കുണ്ടാകുന്ന കാര്‍ബണ്‍ മാലിന്യത്തിന്റെ നിരക്ക് കണക്കാക്കി യുഎന്‍എഫ്സിസി(യുണൈറ്റഡ് നാഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) മാനദണ്ഡപ്രകാരം കാര്‍ബണ്‍ ക്രെഡിറ്റ് വില നല്‍കി വാങ്ങുന്നു. അന്തരീക്ഷത്തിലേക്ക് ഐസിജിഇ സമ്മേളനം വഴി തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന് സമാനമായ ഓക്സിജന്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ തുക നല്‍കുന്നതാണ് രീതി. അതായത് ഇവിടെ സംഭവിക്കുന്ന മലിനീകരണത്തിന് തത്തുല്യമായ ഓക്സിജന്‍ അന്തരീക്ഷത്തിലേക്ക് നല്‍കാന്‍ ഈ സമ്മേളനം കാരണമാകുന്നുവെന്ന് ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ ഡോ. പിടിഎം സുനീഷ് പറഞ്ഞു.

Read more