പെട്രോൾ അടിക്കും പോലെ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാം, സ്റ്റേഷനുമായി സ്റ്റാർട് അപ്
കൊച്ചി∙ ഇലക്ട്രിക് വാഹനം വാങ്ങിയാൽ ഇടയ്ക്കു ചാർജു ചെയ്യാൻ എന്തു ചെയ്യും? – ഇലക്ട്രിക് വാഹനം വാങ്ങാൻ ആലോചിക്കുന്ന ഏതൊരാളെയും പിന്തിരിപ്പിക്കുന്ന ചോദ്യം ഇതാണ്. യാത്രയ്ക്കിടെ ഒരു മൊബൈൽ ഫോൺ ചാർജ് ചെയ്യുന്ന ലാഘവത്തോടെ വാഹനം ചാർജു ചെയ്യാനാകുമെങ്കിൽ പ്രശ്നത്തിനു പരിഹാരമായി. ഈ ആശയവുമായി എത്തിയത് കോഴിക്കോട് ഗവണ്മെന്റ് എൻജിനീയറിങ് കോളേജില്‍ നിന്നു പഠിച്ചിറങ്ങിയ രാമന് ഉണ്ണി, ക്രിസ് തോമസ്, വി. അനൂപ്, സി. അദ്വൈത് എന്നീ സുഹൃത്തുക്കളായിരുന്നു. ഇതിനായി സ്റ്റാർട് അപ് കമ്പനിയായി ചാർജ് മോഡ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചത് 2018ലായിരുന്നു. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ കാലമാണ് മുന്നിലെന്ന് ഉറച്ചു വിശ്വസിച്ച് സഹപാഠികളായ ഇവർ ഇതിനായി ഹാർഡ്വെയറും സോഫ്ട്വെയറും തയാറാക്കി.